റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. ക്രമസമാധാനം പോലീസിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും ട്രാക്ടർ റാലിക്ക് അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡൽഹി പോലീസാണെന്നും കോടതി വ്യക്തമാക്കി.
കോടതിയായിട്ട് ഉത്തരവ് പാസാക്കില്ലെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡെ നിലപാട് വ്യക്തമാക്കി. കോടതി നിലപാട് കടുപ്പിച്ചതോടെ ഡൽഹി പോലീസ് അപേക്ഷ പിൻവലിച്ചു. അതേസമയം ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ ഭൂപീന്ദർ സിംഗ് മാൻ പിന്മാറിയ സാഹചര്യത്തിൽ സമതി പുനസംഘടിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി, നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, അറ്റോർണി ജനറൽ കെകെ വേണുഗോപാൽ നിലപാട് അറിയിക്കണമെന്ന് നിർദേശം നൽകി.
സുപ്രിംകോടതി നിയോഗിച്ച സമിതിയെ അപമാനിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനിടെ ഒരു സമിതിയുടേയും മുന്നിൽ പോകില്ലെന്ന് സമരം ചെയ്യുന്ന തർഷക സംഘടന അറിയിച്ചിട്ടുണ്ട്. സ്റ്റേ ചെയ്ത സാഹചര്യത്തിൽ റോഡ് ഉപരോധം അവസാനിപ്പിച്ചു കൂടെയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സമാധാനം നിലനിർത്താൻ സംഘടനകളെ ഉപദേശിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷനോട് ആവശ്യപെട്ടു. സമാധാനം ഉണ്ടാകുമെന്ന പ്രശാന്ത് ഭൂഷന്റെ വാക്ക് വിശ്വസിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Content Highlights; supreme court rejects the appeal of Delhi police on farmers tractor rally