യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിടവാങ്ങലിനെ സേച്ഛാധിപതിയുടെ വിടവാങ്ങലെന്ന് വിമർശിച്ച് ഇറാൻ. ‘ഒരു സേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്. ആപത്കരമായ ആ ഭരണകാലത്തിൻ്റെ ഒടുവിലെ ദിവസമാണ് ഇന്ന്. മന്ത്രിസഭയോട് ഇറാൻ പ്രസിഡൻ്റ് ഹസൻ റുഹാനി പ്രതികരിച്ചു. അനീതിയും അഴിമതിയുമായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലമത്രയും. സ്വന്തം ജനങ്ങൾക്കും ലോകത്തിനും പ്രശ്നങ്ങളുണ്ടാകാൻ അദ്ദേഹം കാരണക്കാരനായെന്നും റുഹാനി ആരോപിച്ചു. ഇറാൻ്റെ പരമാവധി സമ്മർദത്തിലാക്കുന്ന പ്രവർത്തനങ്ങളാണ് ട്രംപ് തൻ്റെ ഭരണകാലയളവിൽ ചെയ്തുകൊണ്ടിരുന്നത്.
2018ൽ ഇറാനുമായുള്ള ആണവ ഉടമ്പടിയിൽ നിന്നും പിന്നോട്ട് പോയ ട്രംപ് ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇറാൻ്റെ എണ്ണക്കച്ചവടവും രാജ്യാന്തര വാണിജ്യ ബന്ധങ്ങളും ഉന്നമിട്ടായിരുന്നു യുഎസിൻ്റെ നീക്കങ്ങൾ. ഇത് ഇറാനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളി വിട്ടിരുന്നു. ബെെഡൻ അധികാരത്തിലേറിയതോടെ ഇറാനേർപ്പെടുത്തിയ ഉപരോധം ആദ്യം നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിൻ്റെ നയങ്ങൾ ഇറാനെ കൂടുതൽ അപകടകാരികളാക്കിയെന്ന് ബെെഡൻ്റെ സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ആൻ്റണി ബ്ലിങ്കൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
content highlights: Iran Says “Tyrant’s Era Came To An End” As Trump Set To Leave Office