യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ധീഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പടെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകാന്‍ കാപ്പന് തയാറാണെന്നാണ് യൂണിയന് ഹര്‍ജിയില്‍ അറിയിച്ചിരുന്നു. അതേസമയം, ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.
90 വയസ്സുള്ള കാപ്പന്റെ അമ്മയെ മകനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് യൂണിയന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല. ജയില്‍ ചട്ടപ്രകാരം വീഡിയോ കോൺഫറൻസിന് അനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതായി കബിൽ സിബൽ വ്യക്തമാക്കി. അക്കാര്യത്തില്‍ ജയില്‍ചട്ടം പാലിക്കേണ്ടതുണ്ട് എന്നായിരുന്നു കോടതിയുടെ മറുപടി. എന്നാല്‍, വീഡിയോ കോണ്‍ഫറന്‍സിന് സൗകര്യമൊരുക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു. മറ്റൊരു കേസില്‍ ഹാജരാകേണ്ടതിനാല്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അതും കോടതി അംഗീകരിച്ചു. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെയാണ് യുപി പൊലീസ് സിദ്ധീഖ് കാപ്പനെ അറസ്റ്റു ചെയ്ത് യുഎപിഎ കുറ്റം ചുമത്തി ജയിലിലടച്ചത്.
content highlights: Siddique Kappan can talk to Mom via Video conference, says Court