കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷകര്‍ സമരം തുടരും. അടുത്ത ചര്‍ച്ചയ്ക്കുള്ള തിയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുര്‍ജീത് സിഭ് ഫുല്‍ പറഞ്ഞു. കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുമായി വിജ്ഞാൻ ഭവനിലാണ് ചർച്ച നടന്നത്.
നേരത്തെ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. മൂന്നു നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചു. ഡൽഹി–ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനാ നേതാക്കൾ ഇന്നലെ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വാഗ്ദാനം തള്ളാൻ തീരുമാനിച്ചത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കർഷകർ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകൾ, നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്നു വ്യക്തമാക്കി. ഇന്ന് വിജ്ഞാൻ ഭവനിൽ കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ സംഘടനാ നേതാക്കൾ ഇക്കാര്യം അറിയിക്കും.
content highlights: Union minister’s 11th round of talks with protesting farmer unions failed