കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാരാണെന്ന് പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട കാര്യം തീരുമാനിക്കുന്നത് താനല്ല പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും മനസാക്ഷി ശുദ്ധമാണെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.
അറസ്റ്റ് അറിഞ്ഞിരുന്നില്ലെന്നും രഹസ്യമായി പ്ലാന്‍ ചെയ്ത പദ്ധതി തനിക്കെങ്ങനെ അറിയാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു ഗവണ്മെന്റ് വിചാരിച്ചാല്‍, ആ ഗവണ്മെന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു എസ്എച്ച്ഒയു റൈറ്ററും ഉണ്ടെങ്കില്‍ ഏത് കൊല കൊമ്പനേയും അറസ്റ്റ് ചെയ്യാമെന്നും കേസില്‍ കുടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ ഗവണ്മെന്റും കഴിഞ്ഞ ഗവണ്മെന്റും അതിന് മുമ്പുള്ള ഗവണ്‍മെന്റുമെല്ലാം ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സെന്നും അതാണ് തന്റെ പേരിലുള്ള കുറ്റമെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.
അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് തിരിച്ചടി നേരിടുമോയെന്ന ഭയത്തില്‍ കളമശ്ശേരി മണ്ഡലത്തില്‍ ഇത്തവണ ജനസമ്മതനായ ആളെ ഇറക്കാമെന്നാണ് പാര്‍ട്ടി തീരുമാനം. ഇക്കുറി മത്സരിക്കാനില്ലെന്ന് ഇബ്രാഹിം കുഞ്ഞ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടിയെ അനുസരിക്കുമെന്നാണ് നിലവിലെ തീരുമാനം. മണ്ഡലത്തില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അബ്ദുല്‍ ഗഫൂറിന്റെ പേരും പരിഗണനയിലുണ്ട്.
Content Highlight: Palarivattom flyover case: V. K. Ebrahimkunju said he had not done anything wrong