സമാധാനപരമായ സമരത്തെ അട്ടിമറിച്ചു, അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ല; അപലപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ പ്രക്ഷോഭങ്ങലില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അറിയിച്ച് കര്‍ഷക സംഘടനകള്‍. സമാദാനപരമായ നീക്കമാണ് ഉദ്ധേശിച്ചിരുന്നതെന്നും, എന്നാല്‍ ചില സംഘടനകളും വ്യക്തികളും സമരത്തെ അട്ടിമറിച്ചതായും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമം നടത്തിയവര്‍ക്ക് സംയുക്ത സമര സമിതിയുമായി ബന്ധമില്ലെന്നും കര്‍ഷക സംഘടകകള്‍ വ്യക്തമാക്കി.

ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. സംഘര്‍ഷങ്ങളെ തള്ളി ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു)നേതാവ് രാകേഷ് ടികായിത്തും രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിൽ നിന്ന് –

രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീർത്തും സമാധാനപരമായ സമരമാണ് കർഷകസംഘടനകൾ നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയിൽ ഇന്ന് നടന്ന സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും.

Content Highlight: Farmer Organizations on protest amid Tractor rally