‘കെപിസിസി പ്രസിഡന്റായി തുടരും, ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാകില്ല’; മത്സരിക്കില്ലെന്ന സൂചന നല്‍കി മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിനെ താന്‍ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെന്നും, ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകള്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയിരുന്നു. ഒന്നര പതിറ്റാണ്ടായി ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് ജില്ലയില്‍ ഇത്തവണ പ്രമുഖരെ ഇറക്കി മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ആലോചനയുണ്ടായിരുന്നു. ഈ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. കല്‍പ്പറ്റ മണ്ഡലത്തിലും മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റായി തന്നെ തുടരുമെന്ന സൂചനയാണ് മുല്ലപ്പള്ളി നല്‍കുന്നത്. ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ പരിപാടിയിലൂടെ ബൂത്ത് തലത്തില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സോളാര്‍ കേസ് സിബിഐക്ക് വിട്ട നടപടിയെ മുല്ലപ്പള്ളി വിമര്‍ശിച്ചു. സോളാര്‍ ഫയലുകളില്‍ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ അടയിരിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എന്തുകൊണ്ട് അഞ്ച് വര്‍ഷമായിട്ടും അന്വേഷിക്കാന്‍ പറ്റിയില്ലെന്നും എപ്പോഴാണ് മുഖ്യമന്ത്രിക്ക് സിബിഐയോട് സ്‌നേഹം വന്നതെന്നും അദ്ദേഹം ചോദിച്ചു. ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Content Highlight: Mullappally Ramachandran on Niyama Sabha Election