‘ആരാധനാലയം തകര്‍ത്തവരാണ് കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’; വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് പിന്തുണയറിയിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്തവരാണ് കര്‍ഷകരോട് സമാധാനമായി പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് സിദ്ധാര്‍ത്ഥ് കുറ്റപ്പെടുത്തി. ഇത് വല്ലാത്തൊരു മലക്കം മറിച്ചിലാണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ കുറ്റപ്പെടുത്തല്‍. ട്വിറ്ററിലൂടെയായിരുന്നു നടന്‍ കേന്ദ്രത്തോടുള്ള വിമര്‍ശനം അറിയിച്ചത്.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സണ്ണി വെയിനും രംഗത്തെത്തിയിരുന്നു. ‘കര്‍ഷകര്‍ക്കൊപ്പം’ എന്ന് സണ്ണി വെയിന്‍ ഫേസ് ബുക്കില്‍ കുറിച്ചു. കൂടാതെ, ബോക്‌സിങ് താരം വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ് വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു.

അതേസമയം, ഇന്നലെ കര്‍ഷകരും പൊലീസുകാരുമായി ഏറ്റുമുട്ടല്‍ നടന്ന തെരുവുകള്‍ ശാന്തമായി. കര്‍ഷക സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും.

Content highlight: Actor Siddharth in support with farmers