പാര്‍ലമെന്റ് മാര്‍ച്ച്: സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഭിന്നാഭിപ്രായം; തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി കിസാന്‍ മോര്‍ച്ചയില്‍ ഭിന്നാഭിപ്രായം. ഇനിയും പ്രകോപനമുണ്ടായാല്‍ അത് സമരത്തിന് വലിയ തിരിച്ചടിയാകുമെന്നതാണ് ഒരു വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. ഇന്ന് ചേരുന്ന സംഘടന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

നേരത്തെ നിശ്ചയിച്ച പ്രകാരം ഒന്നാം തിയതി മാര്‍ച്ച് നടത്തേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇന്നലെ നടന്ന അക്രമത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതു സേവകരെ ആക്രമിക്കല്‍ എന്നീ കേസുകള്‍ ചുമത്തി 22 കേസുകളാണ് പൊലീസ് കര്‍ഷകര്‍ക്കെതിരെ ചുമത്തിയത്. 86ഓളം പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അതേസമയം, പ്രതിഷേധത്തിന് പിന്നാലെ ചെങ്കോട്ടയില്‍ സുരക്ഷ സന്നാഹം കൂട്ടി. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങളില്‍ യാതൊരു പങ്കുമില്ലെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ബാഹ്യശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

Content Highlight: Confusions over Parliament March