ലൈഫ് മിഷന്‍ വിവാദത്തിലെ സിബിഐ അന്വേഷണം സര്‍ക്കാരിന് തിരിച്ചടിയല്ല: എ സി മൊയ്ദീന്‍

തൃശൂര്‍: ലൈഫ് മിഷന്‍ വിവാദത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നടപടി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. ലൈഫ് വിവാദം തദ്ദേശ തെരഞ്ഞെടുപ്പിലും ചര്‍ച്ചയായിരുന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.

സിബിഐ അന്വേഷണത്തെ സ്‌റ്റേ ചെയ്യാത്ത നടപടിയില്‍, സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ലൈപില്‍ ഇത് വരെ എന്താണ് കണ്ടെത്തിയതെന്നും മന്ത്രി ചോദിച്ചു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് സിപിഎമ്മില്‍ സ്വയം പ്രഖ്യാപനങ്ങള്‍ പതിവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മത്സരിക്കണോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Minister A C Moideen on Life Mission Supreme Court verdict