വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമത്തിന്‍രെ പരിധിയില്‍ വരില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പേരയ്ക്കാ തരാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരിയെ കൂട്ടിക്കൊണ്ട് പോയി മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ അമ്മ പ്രതിക്കെതിരെ കേസ് കൊടുക്കുകയുമായിരുന്നു.

എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല ശരീര ഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാത്തതിനാല്‍ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ കേസ് വരില്ലെന്ന വിധി പുറപ്പെടുവിക്കുകയായിരുന്നു. വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെ കെ വേണു ഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് സുപ്രീംകോടതി വിവാദ ഉത്തരവ് സ്‌റ്റേ ചെയ്തത്. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി എ.ജിയോട് ആവശ്യപ്പെട്ടു.

സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ (Skin to Skin Contact) മാറിടത്തില്‍ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന കോടതി നിരീക്ഷണം. കേസിലെ വിധി വന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു എ.ജിയുടെ ഇടപെടല്‍.

Content Highlights: SC Stays Bombay HC Judgment Which Held ‘Skin To Skin’ Contact Necessary For ‘Sexual Assault