കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ മാധ്യമ സൃഷ്ടി മാത്രം; അന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കാനുള്ള മാധ്യമങ്ങളുടെ ആവേശത്തില്‍ വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്ത കൊടുക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമക്കപ്പെടുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ മറുപടി. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ടെന്നും പൊതു പ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ സ്വപ്‌ന സുരേഷിനെയും സരിതിനെയും ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്പീക്കറുടെ പേരും ഉയര്‍ന്ന് വന്നത്.

ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ കൊച്ചിയില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് കസറ്റംസ് കരുതുന്നു. ഈ സാഹചര്യത്തില്‍ ആദ്യം സ്പീക്കറെ അനൗദ്യോഗികമായി കണ്ട് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാനാണ് നിലവിലെ തീരുമാനം.

Content Highlight: Speaker responds to Customs interrogation on Dollar Smuggling case