കര്‍ഷക ക്ഷേമത്തിന് 75,060 കോടി, 16.5 ലക്ഷം കോടിയുടെ വായ്പാപദ്ധതി; ബജറ്റ് അവതരണം പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമത്തിനായി 75,060 കോടി നിക്ഷേപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 16.5 ലക്ഷം കോടിയുടെ വായ്പപദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. യുപിഎ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയതിന്റെ ഇരട്ടിയിലധികം തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയതെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയത്. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി 25000 കോടി രൂപ ബെംഗാളിനും കേന്ദ്രം അനുവദിച്ചു. കൊവിഡിനെതിരെ രാജ്യം അസാധാരണ പോരാട്ടമായിരുന്നു നടത്തിയതെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.
നിലവില്‍ ലോകത്തെ ഏറ്റവും താഴ്ന്ന കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്ത് ലക്ഷത്തില്‍ 112 പേര്‍ എന്നതാണ് മരണ നിരക്കെന്നും മന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്ത് കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കു്‌നനതിന് രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ട് വരുമെന്നും ധനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63246 കോടി, ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടി, നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

അതേസമയം, ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും കര്‍ഷക സമരത്തെ ചൊല്ലി പ്രതിപക്ഷ എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ബഹളത്തിനിടെ ധനമന്ത്രി ബജറ്റ് ആരംഭിക്കുകയായിരുന്നു. ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ഒരു മണിയോടെയാണ് സഭ പിരിഞ്ഞത്.

Content Highlights: Union Budget 2021, 75,060 crore and Rs 16.5 lakh crore scheme for farm sector