കർഷക സമരം 69-ാം ദിവസത്തിലേക്ക്; രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കർഷക നേതക്കൾ

farmers protest

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷക നേതാക്കൾ. ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ സംസ്ഥാന ദേശീയ പാതകൾ തടയും.

സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാർ അറിയിച്ചു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിളിച്ച സർവ കക്ഷി യോഗം ഇന്ന് ചേരും. സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരിൽ യുപി പോലീസ് കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കി.

ദില്ലി മീററ്റ് അതിവേഗ പാതയിൽ ട്രാക്ടറുകൾ പ്രവേശിപ്പിക്കാതിരിക്കാൻ റോഡിൽ മുള്ളുകമ്പികൾ പാകി. കാർഷിക മേഖലക്കായുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ സംയുക്ത കിസാൻ മോർച്ച തള്ളി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും.മറ്റ് നടപടികൾ മാറ്റി വച്ച് വിവാദ കാർഷിക നിയമങ്ങളും, കർഷക പ്രക്ഷോഭവും ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപെടുന്നത്.

ഗുലാം നബി ആസാദ്, ബിനോയ് വിശ്വം, ദീപേന്ദർ ഹൂഡ തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ചർച്ചക്കെടുക്കാമെന്നാണ് സർക്കാർ നിലപാട്.

Content Highlights; farmers protest