കര്‍ഷക പ്രക്ഷോഭം: അതിര്‍ത്തിയിലെത്തിയ പ്രതിപക്ഷ എം.പിമാരെ പോലീസ് തടഞ്ഞു

Opposition leaders stopped by police at Ghazipur border

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ എം.പിമാരെ അതിര്‍ത്തിയില്‍ തടഞ്ഞു. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂര്‍ അതിര്‍ത്തിയിലാണ് എം.പിമാരെ പോലീസ് തടഞ്ഞത്. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കേരളത്തില്‍ നിന്നുള്ള എന്‍.കെ പ്രേമചന്ദ്രന്‍, എ.എ ആരിഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കര്‍ഷകരുമായി സംസാരിക്കാന്‍ പോലും സംഘത്തെ അനുവദിച്ചില്ല. കര്‍ഷക പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനാണ് ഇവിടെ വന്നതെന്ന് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ പറഞ്ഞു. വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ എല്ലാ കക്ഷികളും സ്പീക്കറെ എഴുതി അറിയിക്കും. വൈദ്യുതി, ഇന്റര്‍നെറ്റ്, കുടിവെള്ളം എല്ലാ ഇവിടെ വിച്ഛേദിച്ചിരിക്കുകയാണ്. ഒരു അപകടമുണ്ടായാല്‍ ആംബുലന്‍സിനു പോലും കടന്നുവരാന്‍ കഴിയാത്ത അവസ്ഥണെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘത്തില്‍ ഉണ്ടായിരുന്നില്ല. മറ്റ് പത്തോളം കക്ഷികളുടെ പ്രതികളാണ് അതിര്‍ത്തിയില്‍ എത്തിയത്. സുഗത റോയ്, സുപ്രിയ സുലെ, കനിമൊഴി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. മുന്‍പ് കോണ്‍ഗ്രസ് എം.പിമാരുടെ സംഘം അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനിടെ, റോഡില്‍ ബാരിക്കേഡുകള്‍ക്കൊപ്പം സ്ഥാപിച്ചിരുന്ന ആണികള്‍ പോലീസ് ഇളക്കിമാറ്റി തുടങ്ങി. ആണികള്‍ സ്ഥാപിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് നടപടി.

Content Highlights: Opposition leaders stopped by police at Ghazipur border