കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി

Twitter CEO ‘Likes’ Tweet Asking For Emoji For Farmers’ Protest

ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകൾക്കും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട ചില ഹാഷ്ടാഗുകൾ നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ട്വീറ്റിട്ട 250ഓളം ട്വിറ്റർ അക്കൗണ്ടുകള്‍ ട്വിറ്റർ ബ്ലോക് ചെയ്തിരുന്നു. പിന്നീട് ഇവ അൺബ്ലോക് ചെയ്തു. ഇതിനിടെയാണ് പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ടുള്ള ഡോർസിയുടെ രംഗ പ്രവേശം.

കർഷക പ്രതിഷേധത്തിന് ഇമോജി വേണമെന്ന അറ്റിയയുടെ ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക് ലിവ്‌സ് മാറ്റർ പ്രതിഷേധത്തിന് ഉണ്ടായ പോലുള്ള ഇമോജി ഇതിനും വേണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട് റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും നടത്തിയ ട്വീറ്റുകളാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചത്. കേന്ദ്രത്തിന്റെ വിമർശനങ്ങൾക്ക് പിന്നാലെ താൻ കർഷകർക്കൊപ്പം ഉറച്ചു നിൽക്കുന്നതായി ഗ്രെറ്റ ആവർത്തിച്ചു വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്നും വിദ്വേഷമോ ഭീഷണിയോ മനുഷ്യാവകാശ ലംഘനമോ അതു മാറ്റില്ല എന്നുമാണ് അവർ വീണ്ടും ട്വീറ്റ് ചെയ്തത്.

Content Highlights; Twitter CEO ‘Likes’ Tweet Asking For Emoji For Farmers’ Protest