സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമേള; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Ramesh Chennithala

മലപ്പുറം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന മേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമന മേളയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരി പുത്രന്റെ നിയമന വിവാദവും ഈ സര്‍ക്കാരിന്റെ കാലത്താണ് നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ലീഗിനെ സി പി എം ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും, ഇത് തുടങ്ങിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബി ജെ പിയെക്കാളും ശക്തമായി സി പി എം എതിര്‍ക്കുന്നത് ലീഗിനെയാണ്. മതേതര ജനാധിപത്യ പാര്‍ട്ടിക്കെതിരെ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും ഈ പ്രചരണങ്ങള്‍ വ്യക്തമാക്കുന്നുവെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.

Content Highlight: Ramesh Chennithala against Government on inappropriate appointments