ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തിയെന്ന് പോലീസ്, രക്ഷാപ്രവര്‍ത്തനത്തിന് യുഎന്‍ സഹായവാഗ്ദാനം

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു.

തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 154 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒപ്പംതന്നെ 25 പേരെ രക്ഷപ്പെടുത്തിയെന്നും വിവരം പുറത്തുവരുന്നുണ്ട്.

മണ്ണും ചെളിയും നീക്കാന്‍ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണില്‍ എത്തിയ രക്ഷാപ്രവര്‍ത്തക വിദഗ്ധരെ രാവിലെയോടെ വ്യോമ മാര്‍ഗം ചമോലിയില്‍ എത്തിക്കും. സംഭവിച്ചത് മഞ്ഞിടിച്ചില്‍ തന്നെയാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധര്‍ ഇന്ന് എത്തും. ഉത്തരാഖണ്ഡില്‍ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചില്‍ ആണോ എന്നതിലാണ് സംശയം. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഇന്ന് രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയില്‍ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതല്‍ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.

Content Highlight: Updates on Uttarakhand glacier burst