കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. കഞ്ച്രപാറ റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു. ഇന്നലെ കൊല്‍ക്കൊത്തയിലെ നബന്നയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കു നേരെ പോലീസ് നടപടിയുണ്ടായതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതു-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഇടത് നേതാവ് ബിമന്‍ ബോസ് പറഞ്ഞു.
ബന്ദിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്-നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഇന്നത്തെ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്നു മുതല്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയാണ്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്ന് പുനരാരംഭിക്കുന്നത്. സിലിഗുരി, ബിര്‍ഭൂം ജില്ലകളില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ല.
Content Highlight: Strike on Kolkata going on