ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിൽ; രഞ്ജന്‍ ഗൊഗോയ്

'Who Goes To Court?', Ex-CJI Ranjan Gogoi Says Judiciary Is 'Ramshackled'

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടൂഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗൊഗോയ്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷേ ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു. രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020-ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. അതുപോലെ ഹൈക്കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം പോയവര്‍ഷം മൂന്ന് ലക്ഷത്തോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 6,000-7,000 പുതിയ കേസുകള്‍ സുപ്രീം കോടതി സ്വീകരിച്ചു. കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000-ത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കേണ്ട സമയമായി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ഡല്‍ഹി ഹൈക്കോടതിയില്‍ 62 ജഡ്ജിമാരാണ് വേണ്ടതെങ്കില്‍ 32 ജഡ്ജിമാര്‍ മാത്രമാണ് അവിടെയുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയില്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം ജഡ്ജിമാരെ ഉള്ളൂവെന്നും ഗൊഗോയ് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ച മെഹുവ മൊയ്ത്രയ്‌ക്കെതിരെ കോടതിയില്‍ പോകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് കോടതിയിലേക്ക് നിങ്ങള്‍ പോവുകയാണെങ്കില്‍ നിങ്ങളുടെ അഴുക്കായ വസ്ത്രം കോടതിയില്‍ അലക്കണം. നിങ്ങള്‍ക്ക് അവിടെനിന്ന് ഒരു വിധിയും ലഭിക്കില്ല എന്നായിരുന്നു മറുപടി.

content highlights: ‘Who Goes To Court?’, Ex-CJI Ranjan Gogoi Says Judiciary Is ‘Ramshackled’