ജയിലിലെ തിരക്ക് കുറക്കാൻ കൊറോണ കാലത്ത് തടവുകാർക്ക് നൽകിയ ജാമ്യം നീട്ടി നൽകാനാവില്ലെന്ന് സുപ്രിംകോടതി. കൊറോണ നിയന്ത്രണ വിധേയമാണെന്നും തടവുകാർക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹിയിലെ ഇടക്കാല ജാമ്യത്തിൽ കഴിയുന്നവരോട് 15 ദിവസത്തിനുള്ളിൽ ജയിൽ അധികൃതക്ക് മുന്നിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവോടെ ഡൽഹിയിൽ 2318 വിചാരണ തടവുകാർക്ക് ജാമ്യം റദ്ധാക്കും.
കൊവിഡ് കാലത്ത് ജയിലിലെ തിരക്ക് ഒഴിവാക്കാൻ ഇവർക്ക് ലഭിച്ച ജാമ്യം കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി റദ്ധാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടന ആയ നാഷണല്‍ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ ജയിലുകളില്‍ വീണ്ടും തിരക്ക് ഉണ്ടാകുമെന്നും അത് കോവിഡ് വ്യാപനത്തിന് വഴി വയ്ക്കുമെന്നും ഹര്‍ജിക്കാര്‍ കോടതിയിൽ വാദിച്ചു. എന്നാൽ രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമായതിനാൽ വാദം നിലനിൽക്കില്ല എന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ സുപ്രിം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് തടവ്പുള്ളികള്‍ക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിക്കുന്നത് പരിശോധിക്കാന്‍ ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights; Covid under control, prisoners can go to prison supreme court