കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ നടപടി ശക്തമാക്കാന്‍ ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്.

കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍, റിസോര്‍ട്ട്, ഡോര്‍മെറ്ററി, ഹോം സ്‌റ്റേകള്‍ എന്നിവിടങ്ങളില്‍ തങ്ങുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ബെംഗളൂരുവിലെ കെ.ടി. നഗറിലുള്ള ഒരു നഴ്‌സിങ് കോളജിലെ നിരവധി വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണ്.

content highlights: Karnataka steps up negative RT-PCR report check for people entering from Maharashtra, Kerala