മഹാരാഷ്ട്രയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന് ആരംഭമായിരിക്കുന്നുവെന്ന് കേന്ദ്രം ഉദ്ദവ് താക്കറെ സർക്കാരിനെ അറിയിച്ചു. രോഗം നിയന്ത്രിക്കാന്‍ എത്രയും പെട്ടെന്ന് നടപടികൾ എടുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാക്ക് ചെയ്യാനും പരിശോധന നടത്താനും ക്വാറന്റീൻ ചെയ്യാനുമുള്ള കാര്യമായ പ്രവർത്തനം മഹാരാഷ്ട്രയിൽ നടക്കുന്നില്ലെന്നും നഗര ഗ്രാമ വ്യത്യാസമില്ലാതെ കോവിഡ് മാനദണ്ഡങ്ങൾ ആളുകൾ പാലിക്കുന്നില്ലെന്നും ഭൂഷൺ കത്തിൽ പറയുന്നു.
കേന്ദ്രസംഘം കഴിഞ്ഞയാഴ്ച സംസ്ഥാനം സന്ദർശിച്ചിരുന്നു. പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുകയാണ്. മുംബൈയിൽ 5.1% ആളുകളാണ് പോസിറ്റീവ് ആകുന്നതെങ്കിൽ ഔറംഗബാദിൽ 30% ആണ് പോസിറ്റീവ് ആകുന്നത്. പല കേസുകളും പരിശോധിക്കപ്പെടാതെ പോകുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. സമ്പർക്ക പട്ടിക കണ്ടെത്താത്തതിനാൽ ലക്ഷണങ്ങൾ ഇല്ലാത്തവരും ആദ്യ ഘട്ടത്തിൽ മാത്രം ലക്ഷണങ്ങൾ കാണിക്കുന്നവരുമായ വലിയതോതിലുള്ള ജനങ്ങളെ പരിശോധനയ്ക്കു വിധേയരാക്കുന്നില്ല. ഐസിഎംആർ നിഷ്കർഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ പ്രകാരം പരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോവിഡ് പടരാതിരിക്കാൻ 2020 ഓഗസ്റ്റ് – സെപ്റ്റംബർ മാസം ഭരണകൂടം സ്വീകരിച്ച കർശന നടപടികൾ വീണ്ടും എടുക്കണം. മരണനിരക്കും കൂടുതലാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ജീനോം സീക്വൻസിങ്ങിന് സാംപിളുകൾ അയയ്ക്കണമെന്നും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
സാഹചര്യങ്ങൾ മാറുന്നതിൽ ജില്ലാ ഭരണകൂടങ്ങള്‍ ആശങ്കപ്പെടുന്നില്ലെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിട്ടുണ്ട്. ഇതുവരെ ചെയ്തതൊക്കെ മതിയെന്ന ചിന്തയാണ് വന്നിരിക്കുന്നത്. ഈ അലംഭാവത്തിന് പിഴയൊടുക്കേണ്ടിവരും. ചില ജില്ലകൾ നൈറ്റ് കർഫ്യൂകളും ഭാഗിക ലോക്ഡൗണും ആഴ്ചയവസാന ലോക്ഡൗണും ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഇവയൊക്കെ വൈറസ് വ്യാപനത്തെ ചെറുക്കാൻ വളരെ ചെറിയ തോതിൽ മാത്രമേ സഹായിക്കൂ. ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് വ്യാപനം ചെറുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടങ്ങൾ സ്വീകരിക്കേണ്ടതാണെന്നും കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.
English Summary: Maharashtra “In Beginning Of 2nd Covid Wave”, “Limited Effort” Flagged