പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം തുടരുന്ന മ്യാന്മറില് ഇന്നലെ 114 പേരെ സൈന്യം വെടിവെച്ചു കൊന്നു. വെടിവെപ്പില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മാറില് ഇത്രയധികം പ്രതിഷേധക്കാര്‍ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈമാസം 14-ന് പോലീസും പട്ടാളവും നടത്തിയ വെടിവെപ്പില്‍ തൊണ്ണൂറോളം പേര് കൊല്ലപ്പെട്ടിരുന്നു.
യാങ്കൂണിലും മന്‍ഡാലെയിലും ഉള്‍പ്പെടെ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലുണ്ട്. കണ്ടാലുടന്‍ വെടിവെയ്ക്കാനാണ് ഉത്തരവ്. മന്ഡാലെയില് 5 വയസ്സുള്ള കുട്ടിയുള്‍പ്പെടെ 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണില്‍ 24 പേരും. ഒരു വയസ്സുള്ള കുഞ്ഞിന്റെ കണ്ണില്‍ റബര്‍ ബുള്ളറ്റേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചില സ്ഥലങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. യാങ്കൂണിലെ ദലയില് പോലീസ് സ്റ്റേഷനുപുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്നുകുട്ടികള്‍ ഉള്‍പ്പെടുന്നതായും 28 സ്ഥലങ്ങളില്‍ ആക്രമണം നടന്നതായും ‘ദി ഇരവാഡി’ റിപ്പോര്‍ട്ടുചെയ്തു.
മ്യാന്മറിലെ കൂട്ടക്കുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിട്ടുണ്ട്. മ്യാന്മറില്നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് യുഎസ് പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയനും യുഎസും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാന്മറിനുണ്ട്. റഷ്യയുടെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സൈനിക ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയതിനു പിന്നാലെയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് ഓങ് സാന്‍ സൂ ചിയുടെ കക്ഷി ഭൂരിപക്ഷം നേടിയതെന്നാരോപിച്ചായിരുന്നു സൈനിക അട്ടിമറി.
content highlights: At least 114 killed in Myanmar in the deadliest day since start of protests