പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽത്തല്ല്. കേരള കോൺഗ്രസ് (എം) കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിലാണ് തല്ലുണ്ടായത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേർന്നതു സംബന്ധിച്ച തർക്കമാണ് തല്ലിൽ കലാശിച്ചത്. കേരള കോണ്‍ഗ്രസ് എം-സിപിഎം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്.
ചരിത്രത്തില്‍ ആദ്യമായാണ് പാലാ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചത്. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ കരുത്തിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത്. എന്നാല്‍ നഗരസഭയില്‍ ഭരണം തുടങ്ങിയതുമുതല്‍ ഇരു കക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇന്ന് നഗരസഭ കൗണ്‍സില്‍ കൂടിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം സിപിഎം കൗണ്‍സിലര്‍ ഉന്നയിച്ചു. എന്നാല്‍, കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എതിര്‍പ്പുമായെത്തി. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. ഇതോടെ ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
ഇരു കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം മുന്നണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ശക്തമായ മത്സരമാണ് പാലാ മണ്ഡലത്തില്‍ നടക്കുന്നത്.
content highlights: Kerala Congress M – CPM clash in Pala Corporation