കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ആദ്യമായി പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന് ശേഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വളരെ ചെറിയ ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിന് സ്വീകരിച്ച 10000 പേരില്‍ രണ്ട് മുതല്‍ നാല് പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.
ഭാരത് ബയോടെക്കിന്റെ മെയ്ഡ് ഇന്‍ ഇന്ത്യ കോവാക്സിന് ആദ്യ ഡോസ് ലഭിച്ചവരില്‍ 0.04 ശതമാനം പേര് മാത്രമാണ് കോവിഡിനെ ബാധിച്ചത്. കോവാക്സിന് ആദ്യ ഡോസ് ലഭിച്ച 93,56,436 പേരില്‍ 4,208 പേര് കോവിഡ് പോസിറ്റീവായി. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരില്‍ 695 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വികസിപ്പിച്ചെടുത്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിലും കുറവാണ്.
കോവിഷീല്‍ഡ് വാക്സിനെടുത്ത 0.02 ശതമാനം പേര്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളു. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്സിനെടുത്ത 10,03,02,745 പേരില്‍ 17,145 പേര്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചുള്ളു. രണ്ടാം ഡോസ് വാക്സിനെടുത്ത 1,57,32,754 പേരില്‍ 5,014 പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്സിന് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഈ സംഖ്യകളില്‍ ഉള്‍പ്പെടുന്നതായും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.
വാക്സിന് ആദ്യ ഡോസ് കോവിഡിനെ തടയുന്നില്ലെങ്കിലും കഠിനമായ അണുബാധയില്‍ നിന്നോ മരണത്തില്‍ നിന്നോ ഇത് തീര്‍ച്ചയായും സംരക്ഷിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സാധാരണഗതിയില്‍, രണ്ട് ഡോസുകള്‍ക്കും ശേഷം ശരീരത്തിന് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് രണ്ടാഴ്ച എടുക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
content highlights: 0.04% people tested Covid-19 positive after 2nd dose of Covaxin, 0.03% after Covishield: Govt