ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അർധരാത്രി നിലവിൽ വരുന്ന സാഹചര്യം മുതലാക്കി ചില വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഒന്നേകാൽ ലക്ഷം വരെ ഉയർത്തി. 3 ദിവസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് സൈറ്റുകൾ ഡൗൺ ആയതും സ്ഥിതി വഷളാക്കി.
എയർ അറേബ്യ ഇന്ന് അധിക സർവീസുകൾ കൊച്ചിയിൽ നിന്ന് നടത്തുന്നുണ്ട്. ഷാർജയിലേക്കുള്ള 6 സർവീസുകളിൽ മൂന്നെണ്ണത്തിൽ ഇന്നലെ ഉച്ചയോടെ ടിക്കറ്റ് തീർന്നു. ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ചില കമ്പനികൾ ശ്രമിച്ചെങ്കിലും വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചില്ല. ദുബായിലെത്താൻ 48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം ഹാജരാക്കണമെന്ന പുതിയ നിബന്ധനയും പ്രയാസമുണ്ടാക്കുന്നു.
നാട്ടിലേക്ക് അവധിക്ക് പോയവരിൽ ഭൂരിഭാഗവും ചെറിയ പെരുന്നാൾ കഴിഞ്ഞ് മടങ്ങാനിരിക്കുന്നവരാണ്. വിവാഹം, ആശുപത്രി ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് കുറച്ചുദിവസത്തെ അവധിക്ക് പോയവരുമുണ്ട്. 10 ദിവസത്തിനുള്ളിൽ തൊഴിൽവിസ, താമസവിസ, പാർട്‌ണേഴ്‌സ് വിസ എന്നിവ തീരാനിരിക്കുന്നവരും കൂട്ടത്തിലുണ്ട്. തിരിച്ചെത്തിയില്ലെങ്കിൽ തൊഴിൽ പോകുമെന്ന അവസ്ഥയിലാണ് ചിലർ. യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പലർക്കും യാത്ര റദ്ദാക്കേണ്ടി വന്നു.
നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് എത്താമെങ്കിലും 14 ദിവസം അവിടെ ക്വാറന്റീനിൽ കഴിയണം. അത്യാവശ്യങ്ങൾക്കു നാട്ടിൽ പോയവരാണ് യാത്രാവിലക്കിൽ വലയുന്നത്.
content highlights: UAE flight charge crosses one lakh