വോട്ടെണ്ണൽ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Election Commission Bans Victory Processions Over Poll Results

വോട്ടെണ്ണല്‍ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് ആഹ്ലാദപ്രകടനങ്ങൾ വേണ്ടെന്ന് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തു വന്നിട്ടില്ല. ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി കമ്മീഷൻ വക്താക്കൾ മാധ്യമപ്രവർത്തകരെ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിശദമായ ഉത്തരവ് പിന്നീട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമാന വിഷയത്തിലുള്ള ഹർജി ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കമ്മീഷന്റെ വിധി. ഇന്ന് ഉച്ചയ്ക്കാണ് കേസ് കോടതി പരിഗണനയ്‌ക്കെടുക്കുന്നത്. കമ്മീഷൻ ഉത്തരവ് സ്വാഗതാർഹമാണെന്ന് കേരള ഹൈക്കോടതി യിലെ ഹര്‍ജിക്കാരൻ അഡ്വ. വിനോദ്‌ മാത്യു വിൽസൺ പ്രതികരിച്ചു. മദ്രാസ് ഹൈക്കോടതി യുടെ രൂക്ഷ വിമർശനത്തെ തുടർന്ന് കമ്മീഷൻ ഇത്തരമൊരു തീരുമാനത്തിന് നിർബന്ധിതരായതാണ്. ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കുക മാത്രമല്ല, വോട്ടെണ്ണല്‍ ദിനത്തിൽ ആളുകൾ പുറത്തിറങ്ങുന്നതു തന്നെ ഒഴിവാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു. കോവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണെന്നൊക്കെയായിരുന്നു കോടതിയുടെ വിമർശനങ്ങൾ. വോട്ടെണ്ണൽ നിർത്തി വയ്പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights; Election Commission Bans Victory Processions Over Poll Results