കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

After TMC complaint, EC says remove PM’s photo from Covid jab certificate

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ചൂണ്ടികാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നായിരിക്കും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യുക. പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. 

തൃണമൂൽ കോൺഗ്രസിന്റെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ലഭിക്കേണ്ട അംഗീകാരം മോദി മോഷ്ടിച്ചെന്നാണ് തൃണമൂലിന്‍റെ ആരോപണം. തൃണമൂലിന്റെ പരാതിയിൽ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. കോവിഡ് വാക്സിൻ വിതരണം കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറാക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കിയ വിശദീകരണം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശം ആയ പുതുച്ചേരിയിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന്‌ കമ്മീഷന്‍ നിര്‍ദേശിച്ചു.

content highlights: After TMC complaint, EC says remove PM’s photo from Covid jab certificate