പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വ്യാപക പ്രതിഷേധമാണ് ഇന്നലെ മംഗളൂരുവില്‍ നടന്നത്. ഇതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വിശദീകരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.
ഇന്നലെ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു പൊലീസിൻറെ നടപടി. ഇവരെ കേരള -കർണാടക അതിർത്തി കടത്തിവിടാനുള്ള തീരുമാനത്തിലാണ് പൊലീസ്.
വ്യാഴാഴ്ച വൈകിട്ട് മംഗളൂരു ടൗൺഹാൾ പരിസരത്താണ് പ്രക്ഷോഭകർക്കു നേരെ പൊലീസ് വെടിയുതിർത്തത്. മംഗളൂരു കുദ്രോളിയിലെ നൗഫൽ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരാണ് മരിച്ചത്. വെടിയേറ്റുവീണ ഇവരെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content highlight: “peoples from Kerala made the conflict in Mangalore’’ says Karnataka defense minister