രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ആലോചന. ഇതു സംബന്ധിച്ച നിർദ്ദേശം നീതി അയോഗിൻ്റെ പരിഗണനയിലാണ്. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് നീതി ആയോഗിന്റെ പുതിയ പദ്ധതി. പല സർക്കാർ ആശുപത്രികളിലും മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഇത് സ്വകാര്യ മേഖലയ്ക്ക് കെെ മാറിയാൽ പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്നാണ് നീതി അയോഗിൻ്റെ കണ്ടെത്തൽ.
നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. ഇതിലൂടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചിലവ് ക്രമീകരിക്കാനാവുമെന്നുമാണ് കണക്കുക്കൂട്ടല്‍. ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കെെ മാറുന്നതോടുകൂടി കിടത്തി ചികിത്സയ്ക്ക് വ്യത്യസ്ത ഫീസുകളായിരിക്കും ഈടാക്കുന്നത്.
സൗജന്യചികിത്സയ്ക്ക് അര്‍ഹരായവര്‍ക്ക് സബ്‌സിഡി നിരക്കില്‍ ചികിത്സ നല്‍കും. പുതിയ പദ്ധതിയുടെ കരട് നീതി ആയോഗ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സ്വകാര മേഖലയിൽ നിന്നുളളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം വിശദമായ പദ്ധതി ഉണ്ടാക്കും. എന്നാൽ പുതിയ പദ്ധതിക്കെതിരെ ഡോക്ടർമാരുടെ സംഘടനകളടക്കം നിരവധിയാളുകൾ എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Content highlights: nithi ayog plans to link Pvt medical colleges with district hospitals








