പൗരത്വ ഭേദഗതി വിവേചനപരവും ഇന്ത്യയുടെ പാരമ്പര്യത്തിനും എതിര്; ഇന്ത്യയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈന്‍

Bahrain against CAA

ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നു ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പ്രതിനിധി സഭ. ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതല്ല ഈ നിയമമെന്നും മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണെന്നും ബഹ്‌റൈന്‍ പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്നും അതു നടപ്പാക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും പ്രതിനിധിസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടതോടെ ആഗോള തലത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് സമ്മര്‍ദ്ദമേറുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ഔദ്യോഗികമായി എതിര്‍പ്പ് അറിയിക്കുന്നത്.

ഇന്ത്യയിലെ പാര്‍ലമെന്റിനു തുല്യമായ സംവിധാനമാണ് ബഹ്‌റൈനിലെ പ്രതിനിധി സഭ. ഇന്ത്യയുടെ പൗരാണികമായ പാരമ്പര്യം സഹിഷ്ണുതയുടേതും സഹവര്‍ത്തിത്വത്തിൻ്റെതുമാണെന്നും എല്ലാ ജനവിഭാഗങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കുന്ന രീതിയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പ്രതിനിധിസഭയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനമുണ്ടെങ്കിലും ഇന്ത്യയും അറബ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Bahrain against the citizenship amendment bill