ആപ്പിളിൻറെ ജനപ്രിയ ഹാൻഡ്സെറ്റായ ഐഫോൺ എസ്ഇയുടെ പിൻഗാമിയായി രണ്ട് ഹാൻഡ്സെറ്റുകൾ വിപണിയിലെത്തുന്നു. ഐഫോൺ എസ്ഇ 2 മോഡലുകൾ 2020 ലാണ് ആപ്പിൾ അവതരിപ്പിക്കുക.
ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവാണ് ഐഫോൺ എസ്ഇ 2 മോഡൽ പുറത്തിറങ്ങും എന്ന കാര്യം സൂചിപ്പിച്ചത്. ഐഫോൺ എസ്ഇ 2 പ്ലസ് എന്ന് പേരിട്ട ഹാൻഡ്സെറ്റ് 2021 ൻറെ ആദ്യപാദത്തിലാണ് അവതരിപ്പിക്കുക. ഐഫോൺ 8-ന് സമാനമായ ഡിസൈനായിരിക്കും പുതിയ എസ്ഇ 2 പ്ലസിനും ഉണ്ടായിരിക്കുക. ടച്ച് ഐഡി ഹോം ബട്ടൺ, വേഗതയുള്ള A13 ചിപ്പ്, 3 ജിബി റാം എന്നീ ഫീച്ചറുകളാണ് ഇവക്കുള്ളത്. നേരത്തെ ആപ്പിൾ പുതിയ ഐപാഡ് പ്രൊയും, പുതിയ മാക്ബുക്കും, ഓഗ്മെന്റഡ് റിയാലിറ്റി (AR) ഹെഡ്സെറ്റും 2020-ൻറെ ആദ്യ പാദത്തിൽ പുറത്തിറക്കുമെന്ന് മിങ് ചി കു പറഞ്ഞിരുന്നു.
സബ്സ്ട്രേറ്റ് പോലെയുള്ള പത്ത് ലേയറുള്ള പിസിബിയാണ് (SLP)ഐഫോൺ എസ്ഇ 2 സ്മാർട്ഫോണിൻറെ മദർബോർഡിൽ ഉപയോഗിക്കുക. ഐഫോൺ 11 ലും ഈ ടെക്നോളജി തന്നെയാണ് ആപ്പിൾ ഉപയോഗിച്ചിരിക്കുന്നത്. 3ഡി ടച്ച് ഫീച്ചർ ഐഫോൺ എസ്ഇ 2 മോഡലിനുണ്ടാവില്ല. ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി ഫിംഗർപ്രിൻ്റ് റീഡറാണ് ഐഫോൺ എസ്ഇ 2 യിൽ ഉപയോഗിക്കുക. സിൽവർ, സ്പേസ് ഗ്രേ, റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കുന്നത്.
ഇപ്പോഴുള്ള ഐഫോൺ 6, ഐഫോൺ 6 എസ് ഉപയോക്താക്കൾക്ക് ലഭ്യമാവുന്ന നല്ലൊരു അപ്ഗ്രേഡ് ഓപ്ഷനാവും ഐഫോൺ എസ്ഇ 2 മോഡലുകൾ. 2020-ൽ ആപ്പിളിൻറെ വളർച്ചയെ ഏറ്റവും അധികം സഹായിക്കുന്ന ഹാൻഡ്സെറ്റായിരിക്കും ഇതെന്നാണ് കരുതുന്നത്. ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ഫോണായിരുന്നു 2016 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോൺ എസ്ഇ. ബംഗളുരുവിൽ വെച്ചാണ് ഫോണിൻറെ പല ഘടകങ്ങളും കൂട്ടിച്ചേർത്തത്. നിലവിൽ ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ഐഫോൺ എസ്ഇ.
1136 x 640 പിക്സൽ റെസലൂഷൻ നൽകുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോൺ എസ്ഇയിൽ റെറ്റിന ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 1.85 ജിഗാഹെട്സ് വേഗത നൽകുന്ന ഡ്യുവൽ കോർ എ 9 പ്രോസസറാണ് ഐഫോൺ എസ്ഇക്ക് കരുത്തേകുന്നത്. ഐഫോൺ 5 എസിന് സമാനമായ രൂപകൽപ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാൾ മികച്ച ഹാർഡ് വെയറാണുള്ളത്. നാല് ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണ്‍ ആണ് ആപ്പിള്‍ എസ്ഇ. എ9 ചിപ്പും, 2ജിബി റാം ശേഷിയും ഫോണിനുണ്ട്. ഇന്റേണല്‍ മെമ്മറി 32 ജിബിയാണ്. 12-മെഗാപിക്സൽ പിന്‍ക്യാമറയും,1.2-മെഗാപിക്സലുള്ള സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. ടച്ച് ഐഡിയും ഐഫോൺ എസ്ഇ മോഡലിനുണ്ട്.
Content highlight; Apple may launch two iphone se models in 2020