ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 യാത്രവിമാനം തകര്‍ന്നു വീണ സംഭവം അപകടമല്ലെന്ന് വെളിപ്പെടുത്തല്‍. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് സമ്മതിച്ച് ഇറാന്‍. ഉക്രൈന്‍ വിമാനം തകര്‍ന്നതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ദിവസങ്ങളായി ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദുരന്തത്തിന് കാരണങ്ങള്‍ ഓരോന്നായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇറാൻ്റെ കുറ്റസമ്മതം.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് ആദ്യം ഇറാന്‍ പറഞ്ഞത്. ബ്ലാക്ക് ബോക്‌സ് കൈമാറില്ലെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്നു വീഴാന്‍ യാതൊരു കാരണവുമില്ലെന്ന് ഉക്രൈന്‍ സംശയം പ്രകടിപ്പിച്ചു. മാത്രമല്ല, സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നുവെങ്കില്‍ വിവരങ്ങള്‍ നിയന്ത്രണ കേന്ദ്രത്തില്‍ അറിയുമായിരുന്നു. അതുണ്ടായില്ലെന്നും ഉക്രൈൻ വ്യക്തമാക്കി.
യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉക്രൈന്‍ വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലുള്ളതായിരുന്നു വിമാനം. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ സൈന്യം ആക്രമണം തുടങ്ങിയ വേളയിലാണ് ഉക്രൈന്‍ വിമാനവും തകര്‍ന്ന് വീണത്. അമേരിക്കയും കാനഡയും ഇറാന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഇറാന്‍ ഇപ്പോള്‍ പറയുന്നത്.
Content Highlights: Iran blames human error for unintentionally shooting down the plane