മരടിലെ അവസാന ഫ്ലാറ്റും നിലം പൊത്തി

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റുകളും നിലം പൊത്തി

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ എല്ലാ ഫ്ലാറ്റുകളും പൊളിച്ചു. അവസാനം പൊളിച്ചത് ഗോൾഡൻ കായലോരമാണ്. 15 കിലോ സ്ഫോടക വസ്തുക്കൾ കെട്ടിവച്ചാണ് ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം പൊളിച്ചത്.
ചുറ്റുപാടുമുള്ള വീടുകളും തൊട്ടടുത്തുള്ള അങ്കണവാടിയും ഒരു വെല്ലുവിളിയായരുന്നെങ്കിലും എല്ലാ വിധ സുരക്ഷയും ഉറപ്പാക്കിയതിന് ശേഷമാണ് സ്ഫോടനം നടന്നത്. അതുകൊണ്ട് തന്നെ വീടുകൾക്കോ അങ്കണവാടിക്കോ ഒരു രീതിയിലുമുളള കേടുപാടുകളോ മറ്റു നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലായെന്നാണ് പ്രാഥമിക നിരീക്ഷണത്തിൽ.

6 നിലകളുള്ള ഫ്ലാറ്റാണ് ഗോൾഡൻ കായലോരം.
സ്ഫോടനത്തിലൂടെ തകര്‍ത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ചെറുതും പഴക്കം ഉള്ളതുമായ ഫ്ലാറ്റാണ് ഇത്.

ഒന്നരക്ക് ആദ്യ സൈറൺ മുഴക്കി പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ അവസാനവട്ടം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. അതിന് ശേഷം 2.15 നോട് കൂടി രണ്ടാമത്തെ സെെറൻ മുഴങ്ങിയത്. അതിന് ശേഷംപൊലീസും അധികൃതരും ചേര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയും കൺട്രോൾ റൂമിലും ക്രമീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം മൂന്നാമത്തെ സെെറൻ മുഴങ്ങുകയും ശേഷം ഗോൾഡൻ കായലോരം മണ്ണടിയുകയുമാണ് ചെയ്തത്.

അങ്ങനെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ 4 ഫ്ലാറ്റുകളും നിലം പൊത്തി. എല്ലാ സജ്ജീകരണങ്ങളോട് കൂടി നടത്തിയ നാല് സ്ഫോടനങ്ങളും വളരെ വിജയകരമായ രീതിയിലാണ് അവസാനിച്ചത്.

content highlights : maradu flat demolition over