നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് കയറിന്‍റെയും മറ്റും ബലം പരീക്ഷിക്കുന്നതിനായി ഓരോ പ്രതികളുടെയും ഭാരത്തിനനുസരിച്ച് കല്ലും മണ്ണും നിറച്ച് തയ്യാറാക്കിയ ഡമ്മികളാണ് പരീക്ഷണാടിസ്ഥാനത്തിൽ തൂക്കിലേറ്റിയതെന്ന് ജയിലധികൃതർ അറിയിച്ചു.
ഡമ്മികളെ തൂക്കിലേറ്റിയത് വിജയകരമായിരുന്നെന്നും വധശിക്ഷ നടപ്പിലാക്കുന്നതുവരെ തൂക്കുകയറുകൾ സൂക്ഷിക്കുന്നതിനായി തിരിച്ചുകൊണ്ടുപോയെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ഘട്ടമെന്നവണ്ണം തൂക്കിലേറ്റുന്നതിനു മുമ്പായി നാല് പ്രതികളുടെയും ശരീര ഭാരവും മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥ പരിശോധിക്കണമെന്നാണ് ഡോക്ടർമാർ നിർദേശം നൽകിയിരിക്കുന്നത്.
നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാണമെന്നാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ടിൽ പറയുന്നത്. അക്ഷയ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നീ പ്രതികളെയാണ് തിഹാർ ജയിലിൽ 22 ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റുക.
ഇതിനിടെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവർ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിട്ടുണ്ട്. ഇത് നാളെ കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക
Content highlight: tihar jail conducts dummy hanging in nirbhaya case