ചൈനയിലെ അജ്ഞാത വൈറസ് ബാധ; ഇന്ത്യക്കാരി വെന്‍റിലേറ്ററില്‍

Indian school teacher first foreigner to the caught deadly virus in china

ചൈനയിലെ അജ്ഞാത വൈറസ് ബാധയേറ്റവരില്‍ ബെയ്‍ജിങ്ങിലെ ഇന്‍റര്‍നാഷണല്‍ സ്‍കൂൾ അധ്യാപികയായ ഡല്‍ഹി സ്വദേശി പ്രീതി മഹേശ്വരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഗുരുതര ശ്വാസകോശ രോഗവുമായി ഇപ്പോഴും പ്രീതി വെന്‍റിലേറ്ററിലാണ്.

ചൈനയില്‍ ആകെ 139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ ആദ്യ വിദേശിയാണ് പ്രീതി. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്‍ത വൂഹാനിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്. ഇതുവരെ മൂന്നുപേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച മറ്റ് മൂന്നുപേരുടെ നില ഗുരുതരമാണെന്നും ആയിരത്തിലധികം ആളുകള്‍ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്.

സാര്‍സ് ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്‍റെ മറ്റൊരു രൂപമാണ് പുതിയ വൈറസ്. ന്യൂമോണിയയും ശ്വാസ സംബന്ധമായ അസ്വസ്ഥതകളുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ തായ്‍ലന്‍ഡ് ജപ്പാൻ പൗരന്മാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കുന്നുതോടൊപ്പം തന്നെ യുഎസ്, ജപ്പാന്‍, ഹോങ്കോങ് തുടങ്ങി വിവിധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്‍റെ പുതിയ രൂപം ലോകം മുഴുവന്‍ പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജനുവരി 25ന് ചൈനീസ് പുതുവര്‍ഷാഘോഷം നടക്കുന്നതിനാല്‍ വിദേശരാജ്യങ്ങളിലെ ചൈനക്കാര്‍ നാട്ടിലേക്കു പോകുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

Content highlights: Indian school teacher first foreigner to the caught deadly virus in china