രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം 

Ranjan Gogoi

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നർകിയ യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം നൽകി. 2018 ലാണ് യുവതി രഞ്ജൻ ഗൊഗോയിക്കെതിരെ പരാതി നൽകിയത്. തുടർന്ന് യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്ക് യുവതി കത്തയച്ചിരുന്നു. 2018 ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റ വസതിയിൽ വച്ച് പീഡനശ്രമുണ്ടായെന്നും ലൈംഗിക ചുവയോടെയുളള സംസാരം ഉണ്ടായെന്നുമായിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നതെന്നും കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണെന്നുമാണ്  രഞ്ജൻ ഗൊഗോയ് പ്രതികരിച്ചത്.

തുടർന്ന് എ ബോബ്‍ഡെ അധ്യക്ഷനായ സമിതി കേസ് അന്വേഷിക്കുകയും കേസ് തള്ളുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നും ഇവര്‍ക്കെതിരെ നേരത്തെ തന്നെ രണ്ടു കേസുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.  ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റും നൽകി.

എന്നാൽ യുവതിയുടെ പരാതി വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്. യുവതി പരാതി നൽകിയതിന് പിന്നാലെ ദില്ലി പൊലീസിൽ ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടേയും സസ്പെൻഷൻ പിൻവലിച്ചു. ഇതിന് ശേഷമാണ് യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം നടത്തുകയും ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുകയും ചെയ്തത്. എന്നാല്‍ ജോലിയിൽ പ്രവേശിച്ച ഉടൻ യുവതി അവധിയിൽ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content highlights: Supreme Court re-appoints woman who filed a sexual assault case against Ranjan Gogoi