ഏഷ്യയിലെ ഏറ്റവും വലിയ കായല്‍ ഉത്സവത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി

Tehri lake festival

ഉത്തരാഖണ്ഡിലെ തെഹ്‌രി കായല്‍ ഉത്സവമാണ് ഏഷ്യയിലെ ഏറ്റവും വലിയ കായല്‍ ഉത്സവമായി കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച് 17 മുതല്‍ 19 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് എത്താറുള്ളത്.

സാഹസിക വിനോദപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി ടൂറിസത്തിൻറെ വികസനത്തിനായാണ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് ഈ ആഘോഷം വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്നത്. പരിപാടിക്കായുള്ള തയ്യാറെടുപ്പുകള്‍ തെഹ്‌രി സ്‌പെഷ്യല്‍ ഏരിയ ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റിയും ടൂറിസം വകുപ്പും ചേര്‍ന്ന് നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദ സഞ്ചാരി കേന്ദ്രമായ തെഹ്‌രി കായലിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാരിൻറെ ശ്രമം.

പാരാഗ്ലൈഡിംഗ്, സ്‌കൂബ ഡൈവിംഗ്, കാനോയിംഗ്, ഹോട്ട് എയര്‍ ബലൂണ്‍ റൈഡ്, പാരാസെയിലിംഗ്, കയാക്കിംഗ്, റോക്ക് ക്ലൈംബിംഗ്, റാപ്പല്ലിംഗ്, ആള്‍-ടെറെയിന്‍ ബൈക്കിംഗ് എന്നിവയാണ് ഉത്സവത്തിൻറെ പ്രത്യേകതകള്‍. ഈ വര്‍ഷത്തെ കായല്‍ ഉത്സവത്തിൻറെ ഹൈലൈറ്റ് തെഹ്‌രിയിലെത്തുന്ന സഞ്ചാരികള്‍ക്ക് തങ്ങാന്‍ കായല്‍തീരത്ത് ഒരുക്കുന്ന സ്വിസ് ടെന്റുകളായിരിക്കും.

തെഹ്‌രിയിലെ വമ്പന്‍ ആഘോഷത്തിന് മുന്നോടിയായി രാംനഗര്‍, ഔലി, റിഷികേശ് തുടങ്ങിയ സ്ഥലങ്ങളിലും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആഘോഷപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

Content highlights: the Tehri lake festival in Uttarakhand will be held from March 17 to 19