യുഎസിൽ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുവാൻ റോബോട്ടുകൾ

Wuhan coronavirus 

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ വൈറസ് ബാധിതനെ ചികിത്സിക്കാൻ ഒരുങ്ങി അമേരിക്ക.  രോഗിയെ ചികിത്സിക്കാൻ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. വൈറസ് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. മുപ്പതുകാരനായ രോഗി വാഷിങ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സ്‌റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോർജ് ഡയസിൻ്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് കൊറോണ വൈറസ്  അമേരിക്കയിൽ  സ്ഥിരീകരിക്കുന്നത്. ചൈന സന്ദർശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ആൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. രോഗിയുടെ നില ഇപ്പോൾ തൃപ്തികരമാണ്. അതീവ സുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ. ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള അതീവ സുരക്ഷാ വസ്ത്രങ്ങളും ഹെൽമെറ്റും ധരിച്ച സുരക്ഷാ ജീവനക്കാർ ഐസോലേഷൻ റൂമിൽ കാവൽ നിൽക്കുന്നുണ്ട്.

Content Highlights: doctors use the robot to treat first us patient to prevent the spread of Wuhan coronavirus