ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തന്ത്രവുമായി ഭരണം നിലനിർത്താൻ ആം ആദ്മി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഡിജിറ്റൽ യുഗത്തിൽ ഒരു മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിൻറെ നേട്ടങ്ങള്‍ വിശദീകരിച്ച് വോട്ടര്‍മാര്‍ക്ക് മുന്നിലെത്തിക്കുന്ന സംവിധാനത്തിനാണ് കെജരിവാള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ആം ആദ്മി പാര്‍ട്ടി പുതിയ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. വെൽക്കം കെജ്രിവാൾ എന്ന വെബ്സൈറ്റാണ് ആം ആദ്മി പുറത്തിറക്കിയിരിക്കുന്നത്. ഓരോ വോട്ടർമാരെയും നേരിൽ കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം കെജരിവാള്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ സർക്കാരിന്റെ വികസന നേട്ടങ്ങളാണ് വെബ്സൈറ്റ് വഴി ജനങ്ങൾക്ക് ലഭിക്കുക. ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടെന്നും തെരഞ്ഞെടുപ്പിനുശേഷം അവയെല്ലാം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ടർമാരുടെ ചോദ്യങ്ങൾക്ക് കെജ്രിവാൾ തന്നെയാണ് മറുപടി നൽകുക.
7690944444 എന്ന നമ്പറിലേക്ക് ഒരു മിസ്കോൾ അടിച്ചാൽ വെബ്സൈറ്റ് അഡ്രസാണ് എസ്എംഎസായി ലഭിക്കുക. ഇതുവഴി വിവിധ മേഖലകളിൽ എന്തെല്ലാം നേട്ടങ്ങളാണ് കെജ്രിവാൾ സർക്കാർ ചെയ്തതെന്ന് വോട്ടർമാർക്ക് അറിയാൻ കഴിയും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴില്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുചെയ്തു എന്നും കെജരിവാള്‍ വിശദീകരിക്കും. തനിക്ക് എല്ലാ വോട്ടർമാരെയും നേരിൽ കണ്ട് സംസാരിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ഒന്നര കോടി വോട്ടര്‍മാരിലേക്കും വികസന നേട്ടങ്ങള്‍ എത്തിക്കുകയാണ് പുതിയ വെബ്സൈറ്റിലൂടെ ലക്ഷ്യം. എല്ലാ വഴികളും ഉപയോഗിച്ച് പരമാവധി ജനങ്ങളുമായി സംവദിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content highlights: Arvind Kejriwal Launches Website to Directly Communicate With People