‘നോട്ടുനിരോധന സമയത്ത് 100 പേർ മരിച്ചു, ഷഹീൻ ബാഗിലെ സമരത്തിൽ എന്താണ് ആരും മരിക്കാത്തത്?’; വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷൻ

If 100 Died In Notes Ban Queues, Why Not Shaheen Bagh?asked By BJP's Dilip Ghosh

 

നോട്ടുനിരോധന സമയത്ത് ബാങ്കുകൾക്കു മുന്നിൽ പണം എടുക്കുന്നതിനായി വരിനിന്ന് നൂറോളം പേർ മരിച്ചിട്ടും ഷഹീൻ ബാഗിലെ സമരത്തിൽ എന്താണ് ഒരാൾക്കു പോലും ജീവൻ നഷ്ടപ്പെടാത്തതെന്ന വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷൻ രംഗത്തെത്തി. ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്.

കേന്ദ്ര സർക്കാർ നോട്ടു നിരോധനം ഏർപ്പെടുത്തിയപ്പോൾ പഴയ നോട്ടുകൾ മാറുന്നതിനായി വരിനിന്നവർക്ക് ജീവൻ നഷ്ടമായ കാര്യം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാമർശിച്ചതിന് മറുപടിയായാണ് ദിലീപിൻറെ പ്രസ്താവന.

“എന്നെ അതിശയിപ്പിക്കുന്ന ഘടകം രണ്ടും മൂന്നും മണിക്കൂർ വരി നിൽക്കുമ്പോൾ ജനങ്ങൾ മരിച്ചുവീഴുകയാണ്. എന്നാൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും അഞ്ചു ഡിഗ്രിയിൽ താഴെയുള്ള താപനിലയിൽ ഇരുന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. എന്ത് അമൃതാണ് അവർ കഴിക്കുന്നത്? എനിക്ക് അത്ഭുതം തോന്നുന്നു” എന്നായിരുന്നു ദിലീപ് ഘോഷിൻറെ പ്രസ്താവന.

ഷഹീൻ ബാഗിലെ പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടെന്നും പങ്കെടുക്കുന്ന ആളുകളെല്ലാം വളരെയധികം ആകാംക്ഷയിലാണെന്നും കാരണം അവിടെ സമരം ചെയ്യുന്നത് സ്ത്രീകളും കുട്ടികളുമായതുകൊണ്ടാണെന്നും ദിലീപ് പറഞ്ഞു.

സമരത്തിലിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ദിവസവും 500 രൂപ വച്ച് ലഭിക്കുന്നുണ്ടെന്ന് ചിലർ പറഞ്ഞതായും പോപ്പുലർ ഫ്രണ്ടിനെ കുറിച്ചുള്ള സത്യങ്ങൾ ഇപ്പോൾ പുറത്തുവന്നതു പോലെ ഷഹീൻ ബാഗിനെ കുറിച്ചുള്ളതും പുറത്തു വരുമെന്നും ദിലീപ് കൂട്ടിച്ചേർക്കുകയുണ്ടായി. നിരവധി ബിജെപി നേതാക്കളാണ് ഷഹീൻ ബാഗ് പ്രതിഷേധക്കാർക്കെതിരെ വിവാദ പരാമർശങ്ങളുമായി രംഗത്തു വരുന്നത്.

Content highlights:If 100 Died In Notes Ban Queues, Why Not Shaheen Bagh?asked By BJP’s Dilip Ghosh