മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പതിപ്പിച്ച് വ്യാപക പ്രചാരണം നടക്കുന്നു. മാവോയിസ്‌റ്റുകൾ പ്രദേശം വിട്ട് പോകണമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്.
പോസ്റ്ററുകളിൽ, ആരാണ് ആദിവാസി സ്ത്രീകളെ പീഡിപ്പിച്ചത്, പ്രവർത്തനം തുടങ്ങാത്ത റിസോർട്ട് പൊളിച്ചു കളഞ്ഞിട്ട് വീരവാദം പറയാതെ പ്രതികളെ കാണിച്ചു തരൂ, ഞങ്ങൾ നാട്ടുകാർ ഇവിടെയുണ്ട്, മാവോയിസ്റ്റുകൾ കോളനി വിടുക, കാടു വിട്ടു പോകുക എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മുണ്ടക്കൈയിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടത്.
‘മാവോയിസ്റ്റുകളേ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് പോസ്റ്ററിലെ വരികൾ ആരംഭിക്കുന്നത്. അത്താഴപ്പട്ടിണിക്കാരെ പിഴിഞ്ഞ് അവരെക്കൊണ്ട് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ച് നടക്കുന്ന നിങ്ങൾ എന്നെങ്കിലും അവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്തിട്ടുണ്ടോ? എന്ന് പോസ്റ്ററിൽ ചോദിക്കുന്നു. ആദിവാസി പ്രേമം നടിച്ച് റിസോർട്ട് മാഫിയയിൽ നിന്ന് പണം പിരിച്ച് സുഖിച്ച് കഴിയുന്ന മാവോയിസ്റ്റുകൾ കോളനി വിട്ടു പോകുക..മാവോയിസ്റ്റുകൾ കാട് വിട്ടു പോവുക.. എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പ്രളയകാലത്ത് ആദിവാസികൾക്ക് സഹായത്തിനുണ്ടായിരുന്നത് നാട്ടുകാർ മാത്രമായിരുന്നെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
വയനാട് പ്രസ് ക്ലബ്ബിലെത്തിയ സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയസമിതിയുടെ വക്താവായ അജിതയുടെ പത്രക്കുറിപ്പ് പ്രകാരം മേപ്പാടി അട്ടമല ആനകൂഞ്ചിമൂലയിൽ കഴിഞ്ഞ 15ന് സ്വകാര്യവില്ല മാവോയിസ്റ്റുകൾ നടന്ന ആക്രമണം നടത്തിയത് പാർട്ടി തീരുമാനപ്രകാരമായിരുന്നെന്ന് വ്യക്തമായിരുന്നു. റിസോർട്ട് മാഫിയക്കെതിരെയുള്ള താക്കീതാണ് ഇതെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ സർക്കാരിനെതിരെ മാവോയിസ്റ്റുകൾ വ്യാപകമായി വിവിധ മേഖലകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അതെ രീതിയിലാണ് മാവോയിസ്റ്റുകൾക്കെതിരെ ഇപ്പോൾ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Content highlights:posters found against maoists at mundakai area of meppadi In wayanad