പൗരത്വ നിയമത്തെയും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെയും പ്രശംസിച്ച് രാഷ്ട്രപതി; പ്രതിഷേധിച്ച് പ്രതിപക്ഷം

Ram Nath Kovind

പൗരത്വ ദേഭഗതി നിയമത്തെയും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെയും പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മൗനം പാലിച്ച രാഷ്ട്രപതി, അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യ കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പൗരത്വ നിയമത്തെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ ബഹളത്തിന് കാരണമായി. വിഭജന കാലത്ത് തന്നെ പാകിസ്ഥാനിലെ ഹിന്ദുക്കളോടും സിഖുകോരോടും ഇന്ത്യയിലേക്കു വരാന്‍ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിൻ്റെ സ്വപ്‌നമാണ് സി.എ.എ നിയമത്തിലൂടെ പൂവണിയുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി.

രാഷ്ട്രപതി ഈ ഭാഗം വായിച്ചു തീരും മുന്‍പേ ഭരണപക്ഷം ഡെസ്കില്‍ അടിച്ചു കൊണ്ട് ആഹ്ളാദം പ്രകടിപ്പിച്ചു. ഭരണപക്ഷത്തിന്‍റെ ആഹ്ളാദപ്രകടനം അഞ്ച് മിനിറ്റോളം നീണ്ടതോടെ വികെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ ഘട്ടത്തിലും മൗനം പുലര്‍ത്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതിനാണ് തൻ്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് ദ്രുതഗതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഐ.ഐ.ടി, ഐ.ഐ.എം, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളുടെ നിര്‍മ്മാണവും വന്‍കിട പദ്ധതികളും നടക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി. മുസ്‌ലിം വനിതകള്‍ക്കായി കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം, ബാലികാ പീഡനത്തിൻ്റെ ശിക്ഷ കര്‍ശനമാക്കിയത്, ചിട്ടി ഫണ്ടുകള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നത് മുതലായവ കോവിന്ദ് എടുത്തു പറഞ്ഞു. അയോധ്യാ വിഷയത്തില്‍ സുപ്രീംകോടതി വിധിക്കു ശേഷം രാജ്യം കാണിച്ച സംയമനത്തെ രാഷ്ട്രപതി അഭിനന്ദിച്ചു.

Content Highlights: president show support on citizenship act and abolition of the article 370 in president addresses in parliament