കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന ചൈനയിലെ വുഹാനിലെ ആശുപത്രിക്ക് സമീപത്തെ തെരുവിൽ മരിച്ച ആളെ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും. മരണകാരണം കൊറോണ തന്നെയാണോ എന്ന് വ്യക്തമല്ല. ഇതിനോടകം 213 പേര്‍ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവാണ് വുഹാൻ. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമാണ്. ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിര തന്നെയാണുള്ളത്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയ്യാറാകുന്നില്ല. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചു. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്.
Content Highlights: dead man found on an empty street in china’s Wuhan amid coronavirus outbreak