പൗരത്വ ഭേദഗതി നിയമത്തെ ബ്രിട്ടീഷ് കാലഘട്ടത്തിലെ റൗലത്ത് നിയമവുമായി താരതമ്യം ചെയ്ത് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഊർമിള മതോണ്ഡ്കർ. മഹാത്മാഗാന്ധിയുടെ ചരമ വാർഷിക ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഊർമിള ഈ പരാമർശം നടത്തിയത്.
‘‘1919ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഇന്ത്യയിൽ അശാന്തി പടർന്നു പിടിച്ചിരുന്നെന്നും അത് രണ്ടാം ലോകമഹായുദ്ധത്തോടെ വർധിക്കുമെന്നും ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ റൗലത്ത് ആക്ട് എന്ന പേരിൽ അറിയപ്പെട്ട നിയമം കൊണ്ടു വന്നു.’’ എന്നായിരുന്നു ഊർമിള മതോണ്ഡ്കർ പറഞ്ഞത്. എന്നാൽ പ്രസംഗത്തിൽ രണ്ടാം ലോകമഹായുദ്ധത്തെകുറിച്ച് പറഞ്ഞപ്പോൾ വർഷം പരാമർശിച്ചതിൽ തെറ്റു പറ്റി. 1939 മുതൽ 1945 വരെയായിരുന്നു രണ്ടാം ലോക മഹായുദ്ധ കാലഘട്ടം.
ബ്രിട്ടീഷുകാർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് തോന്നിയാൽ വിചാരണ കൂടാതെ അവർ ആഗ്രഹിക്കുന്ന ആരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ അനുവദിക്കുന്ന നിയമമാണ് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ റൗലത്ത് ആക്റ്റ്. പൗരത്വ ഭേദഗതി നിയമവും റൗലത്ത് നിയമവും ചരിത്രത്തിൽ കരിനിയമങ്ങളായി അറിയപ്പെടുമെന്നും ഊർമിള മതോണ്ഡ്കർ കൂട്ടിച്ചേർത്തു.
ഗാന്ധിജി മുഴുവൻ ലോകത്തിൻറെയും നേതാവാണെന്നും തന്നെ സംബന്ധിച്ചിടത്തോളം, ഹിന്ദു മതത്തെ ആരെങ്കിലും കൂടുതലായി പിന്തുടർന്നിട്ടുണ്ടെങ്കിൽ അത് ഗാന്ധിജിയാണെന്നും പറയുകയുണ്ടായി. മഹാത്മാഗാന്ധിയുടെ കൊല നിര്യാണത്തിൽ, കൊല ചെയ്തയാൾ ഒരു ഹിന്ദുവായിരുന്നെന്നും അതേകുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ഊർമിള പ്രതികരിക്കുകയുണ്ടായി.
Content highlights: Urmila Matondkar Compare Citizenship Amendment Act With Rowlatt Act