പ്രധാനമന്ത്രിയെ പരിഹസിച്ച പാകിസ്ഥാൻ മന്ത്രിക്കെതിരെ കെജരിവാൾ

arvind kejriwal against pakistan minister fawad hussain

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച പാകിസ്ഥാൻ മന്ത്രി ഫവദ് ഹുസൈന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജരിവാൾ. മോദി ഇന്ത്യയുടെയും എൻ്റെയും പ്രധാനമന്ത്രിയാണെന്നും അതിനാൽ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങൾ മറ്റാരും ഇടപെടേണ്ടതില്ലെന്നും കെജരിവാൾ വ്യക്തമാക്കി.

ഇന്ത്യയിലെ ജനങ്ങൾ മോദിയെ പരാജയപ്പെടുത്തും. വരാൻ പോകുന്ന ഡൽഹി തെരഞ്ഞെടുപ്പിലെ ഫലത്തിലൂടെ അത് കാണാം എന്നുമാണ് മന്ത്രി ഫവദ് ഹുസൈൻ പറഞ്ഞത്. വരാൻ പോകുന്ന ഡൽഹി തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് പാക് മന്ത്രി മോദിയെ പരിഹസിച്ചത്.

ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യം പറഞ്ഞ് രാജ്യത്തിൻ്റെ ഒത്തൊരുമ നശിപ്പിക്കാൻ നിങ്ങൾക്ക് അവകാശമില്ല. മോദി രാജ്യത്തിൻ്റെയും എൻ്റെയും പ്രധാനമന്ത്രിയാണ്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത് അനുവദിക്കില്ല. പാകിസ്ഥാൻ എത്ര ശ്രമിച്ചാലും രാജ്യത്തിൻ്റെ ഒത്തൊരുമ നശിക്കില്ല. ഐക്യത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും കെജരിവാൾ ട്വിറ്ററിലൂടെ, പാക് മന്ത്രി ഫവദ് ഹുസൈന് മറുപടി നൽകി.

യുദ്ധമുണ്ടായാൽ പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് 10 ദിവസം മാത്രം മതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്‌ക്ക് എതിരെയാണ് ഫവാദ് ഹുസൈന്‍ രംഗത്തുവന്നത്. കശ്മീര്‍, പൗരത്വ നിയമം, സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി.

Content highlights: delhi chief minister arvind kejriwal against pakistan minister fawad hussain