കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. തിങ്കളാഴ്ച 56 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ മാത്രമായി 16,400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 17,205 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതില്‍ 2,110 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ മേഖലയില്‍ തന്നെയാണ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് സർക്കാർ റോഡുകള്‍ അടച്ചും ജനങ്ങളെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചുമാണ് വൈറസിനെ പ്രതിരോധിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നതോടെ വുഹാനില്‍ നിന്നും 800 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെന്‍സു നഗരം സർക്കാർ അടക്കുകയുണ്ടായി.
വുഹാന് ചുറ്റുപാടുമുള്ള മറ്റ് നഗരങ്ങളും അടച്ച് ജനങ്ങളെ ഒറ്റപ്പെടുത്തി വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് എന്ന് ആക്ഷേപം ഉയരുന്നുണ്ട്. 50 ദശലക്ഷം ആളുകളെയാണ് ഇത്തരത്തില്‍ അടച്ചുപൂട്ടിയത്. ഈ വീടുകളിലെ ഒരാള്‍ക്ക് രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറങ്ങി അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുവാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കൊറോണ വൈറസ് ഭീതി പടരന്നതിനിടെ ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും ലഭിക്കാനില്ലാതെ വുഹാന്‍ നഗരം ദുരിതത്തിലായിരിക്കുകയാണ്. 46 ഹൈവെ ടോള്‍ സ്റ്റേഷനുകളാണ് അധികൃതര്‍ പൂട്ടിയിരിക്കുന്നത്. നഗരത്തിലെ പൊതുഗതാഗതവും സിനിമ തീയേറ്ററും മ്യൂസിയവും അടക്കം എല്ലാ പൊതുസ്ഥലങ്ങളും അടച്ചിരിക്കുകയാണ്. സംഭരിച്ച ടണ്‍ കണക്കിന് സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
Content highlights: china death rate of coronavirus epidemic over 360