അസമിലെ നദിയിൽ വൻ തീപിടിത്തം

massive fire on Burhi Dihing river in assam

എണ്ണ പൈപ്പ് ലൈൻ സ്ഫോടനത്തെത്തുടർന്ന് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുർഹിദിംഗ് നദിയിൽ വൻ തീപിടിത്തം. വെള്ളത്തിനടിയിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിനു കാരണമായത്.

ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ ദുലിയാജൻ പ്ലാന്‍റിൽ നിന്നുള്ള ക്രൂഡ് ഓയിൽ നദിയുമായി ബന്ധിപ്പിച്ച വാട്ടർ പൈപ്പിലൂടെയാണ് കടന്നുപോകുന്നത്. നദിയിലൂടെ ക്രൂഡ് ഓയിൽ കടന്ന് പോകുന്നത് മനസിലാക്കിയ ചില അക്രമികൾ തീയിടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് ലൈനുകളിൽ നിന്നുള്ള ചോർച്ച മൂലം തീപിടിത്തമുണ്ടാകുന്നത് പലപ്പോഴും ക്രൂഡ് ഓയിൽ മോഷണവുമായി ബന്ധപ്പെട്ടാണെന്നും ഇത് തീപിടിത്തത്തിലേക്ക് നയിക്കുന്നുവെന്നും അധികൃതർ പറയുന്നു.

നദിയിൽ കഴിഞ്ഞ കുറച്ചു ദിവസമായി തീ ആളി പടരുന്നത് നാട്ടുകാരിൽ വൻ ഭീതിയുണർത്തിയിരുന്നു. നദിയിൽ നിന്ന് ഇരുണ്ട പുകയും തീജ്വാലകളും ഉയരാൻ തുടങ്ങിയതാണ് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയത്. നദിയിൽ തീപിടിത്തമുണ്ടായതായി നാട്ടുകാർ മൂന്ന് ദിവസം മുൻപ് തന്നെ പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ലെന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു. എന്നാൽ അധികൃതർ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എണ്ണ ചോർച്ചയെത്തുടർന്ന് നദിയിലുണ്ടായ തീപിടിത്തം കാരണം പരിസ്ഥിതിക്കുണ്ടായ കോട്ടത്തിന്‍റെ അളവ് വിദഗ്ദർ പരിശോധിക്കുകയാണ്.

Content highlights: massive fire on Burhi Dihing river in assam