വിധികള്‍ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; സുപ്രീം കോടതി

SC criticizes govt employees on the case of over dues of telecom companies

കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി എ ജി ആര്‍ കുടിശിക പിരിച്ചെടുക്കാത്ത സംഭവത്തെ ഉയർത്തി കാട്ടിയാണ് കോടതിയുടെ വിമർശനം. കോടതി വിധി തടയാന്‍ ഒരു ഡസ്‌ക് ഓഫീസറിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം ആര്‍ ഷായും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഡസ്‌ക് ഓഫീസറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഈ രാജ്യത്ത് ഇനി എന്ത് നിയമമാണ് അവശേഷിക്കുന്നതെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു.

ജുഡീഷ്യല്‍ വ്യവസ്ഥയില്‍ ബഹുമാനം ഇല്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടികാട്ടി. കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിരിക്കുന്നില്ല. ടെലികോം കമ്പനികള്‍ പണം നല്‍കുന്നുമില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.  

എ ജി ആര്‍ കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികള്‍ ആയ എയര്‍ ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്കും, കുടിശിക പിരിച്ച് എടുക്കുന്നതില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട്. 

content highlights: SC criticizes govt employees on the case of over dues of telecom companies